മയിൽ പീലി ചിറകുള്ള പക്ഷി
കൺസൾട്ടിംഗ് റൂമിലെ ചില്ലു ഗ്ലാസിലൂടെ രാജേഷ് പലതവണ അകത്തേക്ക് നോക്കി.എന്തായിരിക്കും ഡോക്ടർ പറയുക? ഒരു പോസിറ്റീവ് മറുപടി തന്നെ ആയിരിക്കില്ലേ? ആയിരിക്കും എന്ന് വിശ്വസിക്കാനാണ് അയാൾക്ക് ഇഷ്ടം ഈ ശുഭാപ്തിവിശ്വാസമാണ് തൻ്റെ ജീവിതത്തിലെ പല പ്രതിസന്ധികളെയും തരണം ചെയ്യാൻ അയാളെ സഹായിച്ചത്.
തീരുമാനങ്ങളെല്ലാം തൻ്റേതു മാത്രമായിരുന്നു അതിനാൽ കുറ്റപ്പെടുത്തലുകൾ ധാരാളം കേൾക്കേണ്ടി വന്നു.
സഹോദരിമാരുടെ കുറ്റം പറച്ചിലിന് ഒരു സുഖമുണ്ട്. അതിൽ സ്നേഹത്തിൻ്റെ മേമ്പൊടി അല്പം അധികമായിരിക്കും .പിന്നെ അമ്മ, തൻ്റെ തീരുമാനങ്ങളെ അമ്മ ഇന്നേവരെ കുറ്റപ്പെടുത്തിയിട്ടില്ല.
അയാൾ സോഫയിലേക്ക് ചാരിയിരുന്നു. ചെവികൾ ഒരു ഇളം കാറ്റിൻ അലയൊലികൾ കേട്ടു. നെഞ്ചിലൂടെ കുഞ്ഞോളങ്ങൾ തുളുമ്പുന്ന പുഴ ഒഴുകി. ആ പുഴവക്കത്ത് വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം അയാളുടെ മനസ്സിൽ തെളിഞ്ഞു വന്നു.
ഈ സമയം , ഒരു ചുവരിനപ്പുറത്ത് സ്മിത കെഞ്ചുകയായിരുന്നു.
"എനിക്കൊന്നുറങ്ങണം ഡോക്ടർ.എല്ലാം മറന്ന്, മരിച്ചതുപോലുറങ്ങണം"
- "ഉറങ്ങിക്കോളു"
- "പക്ഷേ കഴിയുന്നില്ലാ"
- " അത് നിൻ്റെ തോന്നലാണ്. കണ്ണടച്ചു കിടക്കു. ഒരു ദീർഘശ്വാസമെടുത്ത് പുറത്തുവിടൂ. സാവധാനത്തിൽ. സ്വന്തം ശരീരത്തിൽ ശ്രദ്ധിക്കു... കാൽവിരലുകൾ ... കാൽ.. അരക്കെട്ട്...
പച്ചപ്പരവതാനി വിരിച്ച പാടം. ചാറ്റൽ മഴയെ വകവയ്ക്കാതെ വെള്ളത്തുള്ളികളെ വാനോളമുയർത്തിക്കൊണ്ട് അതിവേഗ മോടി വരുന്ന കുഞ്ഞിക്കാലുകൾ... വയൽ വരമ്പിൽ കുത്തിയിരുന്ന തൊണ്ടൻ തവള അവളുടെ വരവു കണ്ട് പാടത്തേക്കെടുത്തു ചാടി.വയലിൻ്റെ ഒത്ത നടുക്കെത്തിയപ്പോൾ അവൾ വീണു. നെൽച്ചെടികൾക്കു മുകളിൽ, മുട്ടോളം വെള്ളത്തിൽ ..നെൽച്ചെടികൾക്കിടയിലൊളിച്ച തൊണ്ടൻ തവള ശ്വാസം വിടാതെടുത്തു ചാടിയതു കൊണ്ടു മാത്രം അവളുടെ അടിയിലാകാതെ രക്ഷപ്പെട്ടു. പക്ഷേ...
മുളവടി ഉയർന്നുപൊങ്ങി.
"എന്നെ തല്ലല്ലേ അച്ഛാ
- "ഇന്നലെ വാങ്ങിത്തന്ന പുസ്തകമല്ലേ "
- ''ഞാൻ വെള്ളത്തിൽ കളിച്ചതല്ല. വഴുക്കി വീണതാ. എന്നെ തല്ലല്ലേ...
നിലവിളി ഉച്ചത്തിലുയർന്നിട്ടും ഒരു ഫലവുമുണ്ടായില്ല. മുളവടിയുടെ ശീൽക്കാരം നാലഞ്ചു തവണ കൂടി വായുവിൽ പ്രതിധ്വനിച്ചു.
മഴക്കാല സന്ധ്യ തൻ്റെ അസിതമാം മുഖം വീർപ്പിച്ചു കൊണ്ടേയിരുന്നു. ഒരു അങ്കത്തിൻ്റെ പുറപ്പാടെന്ന പോലെ ഇടിയും മിന്നലും കാഹളം മുഴക്കി.
- "അമ്മേ ,വിശക്കുന്നമ്മേ ."
- " മിണ്ടാതിരിക്ക്.അച്ഛനുറങ്ങീട്ടു തരാം. പന്ത്രണ്ടു മണി കഴിയാതെ നിന്നെ അകത്തു കയറ്റരുതെന്നാ പറഞ്ഞേ "
- "വിശപ്പ് സഹിക്കാൻ കഴിയുന്നില്ലമ്മേ ..."
- " കുരുത്തക്കേട് കാട്ടീട്ടല്ലേ "
- " സത്യമായിട്ടും ഞാൻ വെള്ളത്തിൽ കളിച്ചതല്ല. വേഗമെത്താൻ ഓടിയതാ അപ്പൊ വഴുക്കി.
അവളുടെ തൊണ്ടയിൽ സങ്കടം ഏങ്ങി നിന്നു.വയിറ്റിലെ കൊക്കപ്പുഴുക്കൾ കുടൽമാല കാർന്നുതിന്നാൻ തുടങ്ങിയെന്ന് അവൾക്കു മനസ്സിലായി.അവൾ മുറ്റത്തേക്കിറങ്ങി. അപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങിയിരുന്നു. മാനത്തു നിന്നുതിർന്നു വീഴുന്ന മഴമുത്തുകൾക്കു നേരെ അവൾ വാ തുറന്നു പിടിച്ചു.അതു കണ്ടു കണ്ണീരണിഞ്ഞ കാർമുകിലമ്മ മാറുതുറന്ന് നറുംപാൽ അവളുടെ വായിലേക്കൊഴിച്ചു കൊടുത്തു. അവൾ ആർത്തിയോടെ അതു കുടിച്ചു. വയറു നിറയും വരെ... കൊക്കപ്പുഴുകളുടെ പശിയടങ്ങും വരെ....
- "വിഷു ആയില്ലേ കോടിയെടുത്തോ? എനിക്ക് അച്ഛൻ്റെവകേം മാമൻ്റെവകേം കിട്ടി. ഞാൻ പറയുന്നതൊന്നും നീ കേക്കുന്നില്ലേ?'' -കൂട്ടുകാരിക്ക് ചൊടി വന്നു.
- '' അമ്മയെ കെട്ടിപ്പിടിച്ചു കിടക്കാൻ നല്ല സുഖാല്ലേ?...." ഇന്നലെ അച്ഛനുണ്ടായിരുന്നില്ല. ഞാനും അമ്മയും കുട്ടനും ഒരുമിച്ചാ കിടന്നത്. അമ്മയുടെ ചൂടിൽ കിടക്കുമ്പോ എനിക്ക് കരച്ചില് വന്നുപോയി. "
- " അപ്പൊ നീ എല്ലാ ദിവസും ഒറ്റയ്ക്കാ കിടക്ക് ന്നെ!"
- " ഉം. കണ്ണടക്കാൻ കഴിയില്ല അടുത്താരോ ഉള്ളതുപോലെ തോന്നും. ചിലപ്പൊ എന്തൊക്കെയോ ഒച്ചകള് കേക്കും"
- "ഞാനിന്നേ വരെ അമ്മയെയും അച്ഛനേയും വിട്ട് കിടന്നിട്ടില്ല'
" - നീ നാലാം ക്ലാസ്സിലായില്ലേ?എന്നിട്ടും...."
അവൾ കൂട്ടുകാരിയെ ഇമവെട്ടാതെ നോക്കി. നിറഞ്ഞു വന്ന കണ്ണീരിൽ കുഞ്ഞു പരൽ മീനുകൾ പിടഞ്ഞു. മേടച്ചൂട് കനലാക്കിയ ചരൽക്കല്ലുകളിലൂടെ ചെരുപ്പിടാത്ത കാലുകൾ വച്ച് അവൾ നടന്നകന്നു.
- " ഹൊ എന്തൊരു വെളിച്ചം. കണ്ണു വേദനിക്കുന്നു. ആഹ്! എൻ്റെ കണ്ണ്. "
"-റിലാക്സ്, സ്മിത ഒന്നുമില്ല. റിലാക്സ്.ഡോക്ടർ അവളുടെ കൈ തട്ടിക്കൊടുത്തു.
ഇതേതാലോകം?എന്തൊരു ഊഷ്മളത !
വിധു മണ്ഡലം ചൊരിയുന്ന വെള്ളിവെളിച്ചത്തിൻ്റെ അകമ്പടിയോടുകൂടി ഒരു ദാവണിക്കാരിയും പൊടിമീശക്കാരനും ഇറങ്ങി വന്നു. ആറ്റിൻകരയിൽ മിന്നാമിന്നികളുടെ നുറുങ്ങുവെട്ടത്തിൽ അവർ പരസ്പരം നോക്കിയിരുന്നു.
തമ്മിൽതമ്മിൽ ഒന്നും സംസാരിച്ചിരുന്നില്ലെങ്കിലും അവർക്കുള്ളിൽ കടലോളം പോന്ന വാചാലത തിരയടിക്കുന്നുണ്ടായിരുന്നു. അകലത്താണിരുന്നതെങ്കിലും അദൃശ്യമായ ഒരു കാന്തികവലയം അവരെ ഇറുകെ ചേർത്ത് ബന്ധിച്ചിരുന്നു.
അവർക്ക് പിന്നിൽ രാപ്പകലുകൾ കൊഴിഞ്ഞു വീണു. ഋതുഭേദങ്ങൾ മാറിമറിഞ്ഞു. അഞ്ചു വർഷം കടന്നു പോയത് അവർ അറിഞ്ഞതേയില്ല.
എന്നും അവർ തമ്മിൽ കാണാറുണ്ടായിരുന്ന ആറ്റിൻകരയിൽഅന്നൊരു ദിവസംഅവൾ തനിച്ചായിരുന്നു. അന്നു മാത്രമല്ല, പിന്നീടുള്ള ദിവസങ്ങളിലൊക്കെയും... എന്താണെന്നറിയില്ല,സന്ധ്യാംബരത്തിൻ്റെ ശോണിമ അവളുടെ കണ്ണിലും കരളിലും പടർന്നിരുന്നു. ഒരു പരിത്യക്തയുടെ ശ്വാസം മുട്ടിക്കുന്ന ശൂന്യത അവളെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു.
പതിയെ പതിയെ അവളുടെ കണ്ണുകളിൽ സ്വപനം വരണ്ടുണങ്ങി. ഇടതൂർന്ന മുടിയിൽ എണ്ണമയം കുറഞ്ഞു വന്നു. ചിലപ്പോൾ അവൾ ശില പോലിരുന്നു. മറ്റു ചിലപ്പോൾ കരിയില പോലെ അലക്ഷ്യമായി പാറി നടന്നു.അതു കണ്ട് സഹിക്കവയ്യാതെ പുഴ അവളോടു പറഞ്ഞു.
"ഒന്നു പൊട്ടിക്കരയൂ കുഞ്ഞേ ... നിൻ്റെ സങ്കടം ഞാൻ കൈക്കുമ്പിളേന്തി കടലിലൊഴുക്കട്ടെ.. "
അവൾ കരഞ്ഞില്ല. ഋതുഭേദങ്ങൾ പിന്നേയും പൊഴിയുകയും തളിർക്കുകയും ചെയ്തു.
ഒരു ഹേമന്തകാലത്ത് നാദസ്വരമേളത്തിൻ്റെ അകമ്പടിയോടെ തെക്കുനിന്നു വന്നൊരു കാറ്റ് കരിയില പോലെ പറന്നു നടക്കുന്ന അവളുടെ കരം ഗ്രഹിച്ചു. വരണമാല്യം ചാർത്തി അവളെ ദുരേക്ക് കൊണ്ടു പോയി.തീർത്തും അപരിചിതമായ സ്ഥലം, പരിചയമില്ലാത്ത മുഖങ്ങൾ, അവൾ വല്ലാതെ വീർപ്പുമുട്ടി. രാവുകൾ നിദ്രാവിഹീനങ്ങളായി.
"ഒന്നുറങ്ങാൻ കഴിഞ്ഞെങ്കിൽ " - അവൾ ആശിച്ചു.പിന്നെ പിറുപിറുത്തു. പിന്നെ അലറിക്കരഞ്ഞു.
" - എനിക്കുറങ്ങണം' സ്വസ്ഥമായി ... ശാന്തമായി.. മരിച്ചതു പോലെ ... "
സ്മിത കിടന്നു പിടഞ്ഞു.ഡോക്ടർ അവളുടെ മൂർദ്ധാവിൽ മൃദുവായി തലോടി.
"സ്മിത ഉറങ്ങുകയാണല്ലോ ..ശാന്തമായി .... പുഴയുടെ കളകളശബ്ദം കേൾക്കുന്നുണ്ടോ സ്മിത?
" ഉം "
മഴയുടെ സംഗീതം കേൾക്കുന്നുണ്ടോ?
" ഉം''
സ്മിത ആദ്യമായിട്ടാണ് മഴ കാണുന്നത്. കേൾക്കുന്നത് അല്ലേ?
ഉം'
- "നല്ല തണുപ്പ്. മഴയുടെ നനുത്ത കൈകൾ സ്മിതയെ തലോടുകയാണ്. ചുട്ടുപഴുക്കുന്ന സ്മിതയുടെ ശരീരത്തിനും മനസ്സിനും കുളിരേകുകയാണ്. എല്ലാം ശാന്തമാണ്... ശാന്തം.
കൺസൽട്ടിങ് റൂമിൻ്റ പുറത്ത് രാജേഷിന് ക്ഷമ നശിച്ചു തുടങ്ങി. സ്മിതയേയും ഡോക്ടറേയും ഗ്ലാസ് ജനലിലൂടെ കാണുന്നുണ്ടെങ്കിലും ... എന്തോ ഒരു ..
ഡോക്ടർ രാജേഷിനെ അകത്തേക്ക് വിളിച്ചു.
- "പേടിക്കാനൊന്നുമില്ല. ഷീ ഈസ് ഓക്കെ.ക്ലാവു പിടിച്ച ചില ഓർമ്മകൾ വവ്വാലുകളെപ്പോലെയാണ് രാജേഷ് .അവ വെറുതേ ചിറകിട്ടടിച്ചും വികൃതമായി ചിലച്ചും മനസ്സിനെ പേടിപ്പിച്ചു കൊണ്ടേയിരിക്കും. അത്രേയുള്ളൂ."
ഡോക്ടറുടെ വാക്കുകൾക്ക് രാജേഷ് തല കുലുക്കി
- "വെയ്ക്കപ്പ് സ്മിതാ. വെയ്ക്കപ്പ് .സാവധാനത്തിൽ കണ്ണു തുറക്കൂ. എന്തു തോന്നുന്നു ,നന്നായി ഉറങ്ങിയോ?"
- " യെസ് ,ഡോക്ടർ നല്ല ഒരു .. ഫ്രെഷ്നസ്സ് ഫീൽ ചെയ്യുന്നു."
- " ഉറക്കത്തിലെന്തെങ്കിലും സ്വപ്നം കണ്ടോ?
" - ഉം... ഇളം നീല നിറമുള്ള ആകാശത്ത് വെളുത്ത് തുടുത്ത് പഞ്ഞിക്കെട്ടുകൾ പോലുള്ള മേഘങ്ങൾക്കിടയിലൂടെ ഞാനിങ്ങനെ പറന്നു നടക്കുകയായിരുന്നു.എൻ്റെ ചിറകുകൾ മയിൽപ്പീലി കൊണ്ടുണ്ടാക്കിയതായിരുന്നു. അതങ്ങനെ വീശി പറക്കുമ്പോഴാണ് ഡോക്ടർ വിളിച്ചത്."
- "സാരമില്ല. ബാക്കി വീട്ടിൽ പോയി കണ്ടോട്ടോ.
ഡോക്ടർ ചിരിച്ചു.
ക്ലിനിക്കിൻ്റെ പടികളിറങ്ങുമ്പോൾ അവൾ രാജേഷിൻ്റെ കൈകൾ പിടിച്ചു - ആദ്യമായിട്ടെന്ന പോലെ. തങ്ങൾ ഇറങ്ങുന്ന പടികൾ നിറയെ പനിനീർപ്പൂക്കൾ കൊണ്ടലങ്കരിച്ചതായും പ്രാലേയ രശ്മികൾ തങ്ങൾക്ക് ആരതി ഉഴിയുന്നതായും അവൾക്ക് തോന്നി.
തനിക്ക് ചുറ്റുമുള്ള എല്ലാ കാഴ്ചകളും അവൾക്ക് പുതുമയേകി.കാറിൻ്റെ സീറ്റിൽ ചാരിയിരുന്ന് ആകാശത്തിലേക്ക് നോക്കിയപ്പോൾ കുഞ്ഞുകുഞ്ഞു മേഘങ്ങൾ കൂട്ടം കൂടി നിൽക്കുന്നത് അവൾ കണ്ടു. ഒരു നിമിഷം.വെറുതെയെങ്കിലും, അൽപ്പം മുൻപ് കണ്ട സ്വപ്നത്തിലെ മയിൽ പീലി ചിറകുള്ള സുന്ദരിപക്ഷിയായ് താൻ മാറുന്നതായും ആകാശവിതാനങ്ങളിൽ കൂടി സന്തോഷത്തോടെ ചിറകുവിടർത്തി പറക്കുന്നതായും അവൾ സങ്കൽപ്പിച്ചു.
😊spp