Saturday, December 27, 2025

മഴഭേദങ്ങൾ

 



       ഇങ്ങനെ കനത്തു പെയ്യുന്ന മഴയുടെ നനവിൽ കുതിർന്നും അരിച്ചു കയറുന്ന സൂചിത്തണുപ്പിനാല്‍ വിറച്ചും ഉഷ്ണം പൊട്ടുന്ന വെയിലിൽ പൊള്ളിയടർന്നും മനസ്സിന്റെ ചരുവിൽ ഒരു കഥ ഉരുവം കൊണ്ടിട്ട് വർഷങ്ങളായി .

        ആരോരുമില്ലാതെ തനിച്ചാകുന്ന നേരത്ത് മാത്രം ശ്വാസംമുട്ടിക്കുവാൻ വരുന്ന ഒരു ഏകാന്തതയുണ്ട് ആ ഏകാന്തതയുടെ പരുപരുത്ത കൈകളാണ് ഓർമ്മകളുടെ കെട്ടഴിച്ചുവിടുന്നത്. ഇന്നലകളുടെ നൊമ്പരം ആഴ്ന്നിറങ്ങിയാൽ പിന്നെ ...കണ്ണുനീരൊഴിഞ്ഞിട്ട് നേരം ഉണ്ടാകില്ല.

     എല്ലാം എഴുതി തീർക്കുവാൻ ഒരായിരം വട്ടം പേന കയ്യിലെടുത്താലും തലങ്ങും വിലങ്ങും കോറിയിട്ട വരികൾക്കിടയിൽ ജീവസ്സുപോയ അക്ഷരങ്ങൾ കണ്ണീരുപ്പിനാൽ കുതിരും എന്നല്ലാതെ ഒന്നും പൂർത്തിയാക്കാൻ കഴിയാറില്ല.


       മായ നോട്ട്ബുക്ക് മടക്കിവെച്ച് മുറ്റത്തേക്ക് ഇറങ്ങി. ഘനമുള്ള മഴത്തുള്ളികൾ അവളുടെ ഉച്ചിയിൽ വന്നു വീണു.

      വർഷങ്ങൾക്കു മുൻപ് ഇതുപോലൊരു മഴയിൽ നനഞ്ഞു കുതിർന്ന ഓർമ്മകളുടെ ചൂര് അവളിൽ പടർന്നു കയറി.

        മുല്ലപ്പൂക്കൾ പോലെ നൈർമല്യം തുളുമ്പുന്ന , ചിരിച്ച് കളിച്ചു ഉല്ലസിച്ചു നടക്കുന്ന കൗമാരക്കാലത്ത് പ്രണയം എന്ന  മൂന്നക്ഷരത്താൽ നമ്മളുടെ മനസ്സ് കവർന്നെടുക്കാൻ യാദൃശ്ചികമായി ചിലർ വന്നുചേരും . പലരുടെ ജീവിതത്തിലും . പിന്നെ അവരായി നമ്മുടെ ലോകം.  ചിന്തയിലും സ്വപ്നത്തിലും എന്തിന് ഹൃദയസ്പന്ദനത്തിൽ പോലും അവരുടെ മുഖം ആയിരിക്കും.മനസ്സ് പകുത്തെടുത്ത് ഒരു നിഴലായി, തണലായി, കുറച്ചുനാൾ നമ്മളോടൊപ്പം ഉണ്ടാകും.പിന്നെ പെട്ടെന്നൊരു നാൾ ഒന്നും പറയാതെ നിതാന്തമായ ശൂന്യതയുടെ അഗാധത്തിലേക്ക് നമ്മെ തള്ളിയിട്ട് അവർ തിരിഞ്ഞു നടക്കും. എന്തിനെന്നോ ഏതിനേന്നോ അറിയാതെ ....ആ ഒറ്റപ്പെടൽ… ആ ഒഴിവാക്കൽ ..ഒരു പൊളുക്ക പോലെ പൊട്ടി തകർന്നുപോകും നമ്മളപ്പോൾ . ഇങ്ങനെ തകർന്നടിഞ്ഞവർ ആരെങ്കിലും പൂർണമായി കരകയറിയിട്ടുണ്ടോ ? മനസ്സിൽ ഒരു മുറിപ്പാട് പോലും ഇല്ലാതെ …


      മായ, മഴയോട് എന്തൊക്കെയോ പിറുപിറുത്തു.നനഞ്ഞ് കുതിർന്ന അവൾ വിറക്കാൻ തുടങ്ങി.

       പണ്ട് ഇതുപോലൊരു മഴയിൽ നനഞ്ഞു കുതിർന്നാണ് അവൻ ഒരു മഞ്ഞ ചരടിൽ സ്വർണ്ണ ലോക്കറ്റ് കുരുത്ത് അവളുടെ കഴുത്തിൽ കെട്ടിക്കൊടുത്തത്.


       "ഞാൻ തിരിച്ചു വരുന്നത് വരെ നീ എന്നെ കാത്തിരിക്കും എന്നുള്ള ഒരു ഉറപ്പിന് വേണ്ടി "


        അവളുടെ കണ്ണുകൾ നിറഞ്ഞു താൻ മംഗല്യവതിയായിരിക്കുന്നു . ഇഷ്ടപ്പെട്ട പുരുഷനാൽ ...കിനാവ് കാണാൻ പഠിച്ച പതിനെട്ടു വയസ്സ് പ്രായത്തിൽ...അവൾ ആ ചരടിൽ മുറുകെ പിടിച്ചു. തൻ്റെ പ്രാണൻ അതിലേക്കാവാഹിച്ചു.


"എന്ത് സംഭവിച്ചാലും എല്ലാം തരണം ചെയ്ത് ഞാൻ കാത്തിരിക്കും. വാക്ക് "


     അവൻ അവളെ നെഞ്ചോട് ചേർത്തു. കൈക്കുമ്പിളിൽ അവളുടെ മുഖം കോരിയെടുത്ത് നെറുകയിൽ ചുംബിച്ചു. കൺപോളകളിൽ... കവിളുകളിൽ ... മഴനീരൊഴുകിയ ചുണ്ടുകളിൽ എല്ലാം അവൻ മുത്തമിട്ടു.


"ഇത് എന്നെ മറക്കാതിരിക്കാൻ "


       ആദ്യത്തെ പുരുഷ സ്പർശം’. അവൾ കോൾമയിർ കൊണ്ടു. അവനിലേക്ക് ഒരു വള്ളിപ്പടർപ്പായി പടർന്നു കയറാൻ അവൾ കൊതിച്ചു. പക്ഷേ… എല്ലാം കാത്തിരിക്കാൻ പഠിപ്പിച്ച ഒരു കാലമായിരുന്നു അത്. അവൾ കാത്തിരുന്നു. 

       അന്ന് , കോരിച്ചൊരിഞ്ഞ മഴ അവർക്കുമേൽ ദേവദാരു പൂക്കൾ വർഷിച്ചപ്പോൾ അവൾക്കറിയില്ലായിരുന്നു  ഈ സംഗമം ആദ്യത്തേതും അവസാനത്തേതും ആയിരിക്കുമെന്ന്…


...       ...       ....           …                 ….        …  ‘...                …                        



   ‘ മഴപെയ്യട്ടപ്പാ പെയ്യട്ട് .ഒന്ന് പെയ്തു കിട്ടാൻ എത്ര നാളായി കാത്തിരിക്കുന്നു. ‘


          രാമച്ചൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.ആശിച്ച് മോഹിച്ച് നട്ടുപിടിപ്പിച്ച കവുങ്ങിൻ തൈകൾക്ക് ചൂടിൻ്റെ കനപ്പിൽ വാട്ടം വന്നപ്പോൾ ആകെ വേവലാതിയായിപ്പോയി . രണ്ടുവർഷം കൊണ്ട് കായ്ഫലം തരുന്ന കവുങ്ങിൻ തൈകൾ  കൊണ്ടു ക്കൊടുത്തപ്പോൾ രാഘവൻ ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു.


“രാമേട്ടാ … മഴക്കാലം തുടങ്ങുന്നതിനു മുന്നേ വേരുറച്ചു കിട്ടണം ഇല്ലെങ്കിൽ അടി ചീയ്യും.”


           വറ്റി വരണ്ട് പൊടി ഇളകിയ മണ്ണിനെ കുതിർത്തെടുക്കാൻ വേനൽ മഴ പെയ്യാറുണ്ടല്ലോ.അതുകൊണ്ട് രാമച്ചൻ പറഞ്ഞു. 


“എന്നാൽ പിന്നെ റമ്പൂട്ടാനും മാങ്കോസ്റ്റിനും ചാമ്പക്കയും ഒക്കെ എടുത്തോടാ . ഏതായാലും കവുങ്ങിന് വെള്ളമൊഴിച്ചു കൊടുക്കണം കൂട്ടത്തിൽ ഇതും നന്നായിക്കോട്ടെ. ‘’


          പക്ഷേ  … വിചാരിച്ചതുപോലെ വേനൽമഴ കനിഞ്ഞില്ല. ആർക്കോവേണ്ടി ഒന്ന് എത്തി നോക്കിയിട്ട് പോയി. ചൂട് കനത്തു. വേരുറച്ചെങ്കിലും  വെള്ളം കൊടുത്തിട്ടും കൊടുത്തിട്ടും ദാഹം തീരാതെ വൃക്ഷലതാദികൾ മഞ്ഞളിച്ചു നിന്നു.  ഏതായാലും ഇപ്പൊൾ സമാധാനമായി.

            

              ഒരു കൊച്ചു കുഞ്ഞിനെ പോലെ മഴ കണ്ട് തുള്ളിച്ചാടി നടക്കുന്ന രാമച്ചനെ നോക്കി സീതമ്മ പിറു പിറുത്തു.


       “ ഇങ്ങേർക്ക് പിരാന്താ “


                  ആർക്ക് വേണ്ടിയാണാവോ ഈ വയസ്സാംകാലത്ത് ഇതൊക്കെ നട്ട് പിടിപ്പിക്കുന്നത്? ആകെയുള്ള ഒരുത്തന് പിറന്ന മണ്ണു പോലും വേണ്ട .കാനഡയിൽ പഠിക്കാൻ പോയി. അവിടുന്ന് തന്നെ പെണ്ണ് കെട്ടി. ഇപ്പോൾ അവിടുത്തെ പൗരത്വവും എടുത്തു. കാണാൻ കൊതിയാവുന്നു മോനേ എന്നു പറഞ്ഞപ്പോൾ കണ്ടു സംസാരിക്കാൻ ഒരു ഐഫോൺ  അവൻ കൊടുത്തയച്ചു. ആറുമാസം മുന്നേ കാട് വയക്കുന്നതിനിടയിൽ കാട്ടുവള്ളി കുടുങ്ങി , അച്ഛൻ മറിഞ്ഞുവീണ് നെറ്റി മുറിഞ്ഞപ്പോൾ  ഇനിമുതൽ അച്ഛനെ ഞാൻ ശ്രദ്ധിച്ചു കൊള്ളാം എന്നു പറഞ്ഞ് അവൻ വീടിനു ചുറ്റും വെബ് ക്യാമറ സ്ഥാപിച്ചു. എന്നിട്ട് എന്താ കാര്യം? ഇവിടെ അച്ഛൻ മകനെ അനുസരിക്കില്ല. അവിടെ കൊച്ചുമക്കൾ അവരുടെ അച്ഛനെയും അനുസരിക്കില്ല.  അച്ചാച്ചന്റെ കൃഷിയും കൃഷിയിടവും കാണാൻ കൊച്ചുമക്കൾ എപ്പോഴും സ്ക്രീനിന് മുന്നിൽ വന്ന് ഇരിക്കും.


      സീതമ്മ രാമച്ചനിൽ നിന്നും കണ്ണുകൾ പിൻവലിച്ച് ടീ പോയ്മേൽ ഉണ്ടായിരുന്ന വാരിക മറിച്ചുനോക്കി.


          രാമച്ചന് ചിരി വന്നു.  സീതമ്മയ്ക്ക് തൻെറ ചേഷ്ടകളൊന്നും പിടിക്കുന്നില്ലെന്ന് അയാൾക്ക് നന്നായി അറിയാം. പക്ഷേ… തൊലിപ്പുറത്ത് വീണ ചുളിവുകൾ മനസ്സിലേക്ക് പടരാതിരിക്കുവാനാണ് മണ്ണിനോടും മരങ്ങളോടും താനിങ്ങനെ കിടപിടിക്കുന്നതെന്ന് നിനക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ സീതമ്മേ… എന്ന് അയാളും മനസ്സിൽ പറഞ്ഞു.


                   രാമച്ചൻ സീതമ്മയിൽ നിന്ന് കണ്ണുകൾ പിൻവലിച്ച് ആർത്തിയോടെ വെള്ളം കുടിച്ച് ദാഹം തീർക്കുന്ന ഫലവൃക്ഷത്തൈകളെ നോക്കി നിന്നു . അന്നേരം അവർക്കിടയിലേക്ക് നാലുമണി കഴിഞ്ഞെന്നറിയിച്ചു കൊണ്ട് ഒരു സ്‌കൂൾ ബസ് ഹോണടിച്ച് കടന്നുപോയി.


        “ഓ…മായയുടെ പിള്ളേരുടെ ബസ് വന്നു. ഇപ്പോൾ ചായക്ക് ചോദിക്കും. ‘


 സീതമ്മ കസേരയിൽ നിന്ന് പെട്ടെന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. സാധിച്ചില്ല.നീരുവച്ച അവരുടെ കാൽ വല്ലാതെ വേദനിച്ചു. ഇപ്പോൾ പണ്ടത്തെപ്പോലെ അല്ല. ഇരുന്നു കഴിഞ്ഞാൽ എഴുന്നേൽക്കുവാൻ പ്രയാസമാണ്.അവർ വേച്ചുവേച്ച് അടുക്കളയിലേക്ക് നടന്നു.

           

                      ഒരു സ്വപ്നാടനത്തിൽ എന്ന വണ്ണം ഭൂതകാലത്തിലെ വ്യർത്ഥാനുഭവങ്ങളിൽ അള്ളിപ്പിടിച്ചിരുന്ന മായ മക്കളുടെ സ്കൂൾ ബസിന്റെ ഹോണടി കേട്ടപ്പോഴാണ്  സ്വബോധത്തിലേക്ക് ഇറങ്ങിവന്നത്. മഴയത്തിരുന്ന് അവളുടെ ശരീരം തണുത്ത് മരവിച്ചു പോയിരുന്നു.


“ഈശ്വരാ ഇന്ന് തന്റെ ഭ്രാന്ത് അല്പം കൂടിപ്പോയോ”


        അവൾ എങ്ങനെയൊക്കെയോ എഴുന്നേറ്റ് ഈറൻ മാറാനായി അകത്തേക്കോടി. നനവുള്ള കാൽ തറയിൽ വച്ചതും വഴുതി വീണു. കാൽമുട്ട് നിലത്തിടിച്ചു.


      “അമ്മേ…! ‘             അവൾ നിലവിളിച്ചു പോയി.

        

                   സ്വസ്ഥമായ ഒരു ജീവിതം കിട്ടിയിട്ടും അതിനോട് പൊരുത്തപ്പെടാൻ വിടാതെ ഇന്നലകൾ മനസ്സിനെ പലതരത്തിൽ കുത്തിനോവിക്കുന്നുണ്ട്. അതിനുപുറമേ വീഴ്ചയുടെ വേദനയും കൂടിയായപ്പോൾ അവൾക്ക് ദേഷ്യം വന്നു.  അവൾ മഴയ്ക്ക് നേരെ തീക്കനൽ നോട്ടം എറിഞ്ഞ് പല്ല് കടിച്ച് ശാപ വാക്കുകൾ തുപ്പി.


“പണ്ടാരം പിടിച്ച മഴ . മറക്കാൻ ശ്രമിക്കുന്തോറും വീണ്ടും വീണ്ടും ഓർമ്മിപ്പിക്കാനായി വരും . ശല്യം. “ 

             

               ഈ സമയം രാമച്ചൻ ബോട്ടിമ്മിലൂടെ കൊച്ചുമക്കളോട് സംസാരിക്കുകയായിരുന്നു.   വലതു കൈയിൽ ഫോൺ പിടിച്ച് ഇടതു കൈകൊണ്ട് മഴവെള്ളം തട്ടിത്തെറിപ്പിച്ച് അയാൾ അവർക്ക് ഒരു പാട്ടുപാടി കൊടുത്തു.


“പെയ്യട്ടെ മഴ പെയ്യട്ടെ 

ചറപറ ചറപറ പെയ്യട്ടെ

നനയട്ടെ മഴ നനയട്ടെ 

കാടും മേടും നനയട്ടെ.

           

      ഒരുപാട് കാതം അകലെയിരുന്ന് മുത്തശ്ശൻ്റെ പാട്ട്  കൊച്ചുമക്കൾ  അതേ ഈണത്തിൽ  ഏറ്റുപാടുന്നതു കേട്ടപ്പോൾ ചായയും കൈയ്യിലേന്തി വന്ന സീതമ്മയുടെ കണ്ണ് നിറഞ്ഞു.  ഒരു നിമിഷം അവർ ഓർത്തു.

മഴ പെയ്തത് എത്ര നന്നായി..!

                                  ഷീബ കാരാട്ട്


       

No comments:

Post a Comment

മഴഭേദങ്ങൾ

         ഇങ്ങനെ കനത്തു പെയ്യുന്ന മഴയുടെ നനവിൽ കുതിർന്നും അരിച്ചു കയറുന്ന സൂചിത്തണുപ്പിനാല്‍ വിറച്ചും ഉഷ്ണം പൊട്ടുന്ന വെയിലിൽ പൊള്ളിയടർന്നും ...