Thursday, May 11, 2023

ഉയർക്കൊള്ളണം സ്വപ്നങ്ങൾ

       വേനൽ മഴ ഒന്ന് ചാറിയതേ ഉള്ളൂ. ബാത്ത്റൂമിൽ നിന്നും ഒരു ഓക്കാനം കേട്ടു . അവൾ ഓടിപ്പോയി ശ്രദ്ധിച്ചു. ഓക്കാനം ഒന്നുകൂടി ഉച്ചത്തിലായ്.ശരിയാണ് .ഏറ്റു തുടങ്ങി. പരൽമീൻ പിടയ്ക്കുന്നതുപോലെ അവളുടെ കൃഷ്ണമണികൾ ചലിച്ചു.  ശ്വാസോച്ഛ്വാസം ദ്രുതഗതിയിലായി. ഒറ്റ കുതിപ്പിന് അവൾ ബാത്റൂമിന്റെ വാതിൽ പുറത്തുനിന്ന് പൂട്ടി വീടിൻറെ പിന്നാമ്പുറത്ത് എത്തി .ടാങ്കിൽ നിന്നും കുളിമുറിയിലേക്ക് പോകുന്ന പൈപ്പിന്റെ വാൽവ് പൂട്ടാൻ. അത് പൂട്ടിക്കഴിഞ്ഞ് അവൾ നിന്ന് കിതച്ചു. അപ്പോഴേക്കും കുളിമുറിയിൽ നിന്നുള്ള ഓക്കാനം രോദനമായി രൂപാന്തരപ്പെട്ടിരുന്നു.

അയാൾ കുളിമുറിയുടെ വാതിൽ ശക്തിയായി ഇടിക്കാൻ തുടങ്ങി .ഫൈബർ വാതിലാണ് ,ഒരൊറ്റ ചവിട്ടിന് അയാൾക്കത് തകർക്കാൻ കഴിയും എന്ന ബോധം അവളെക്കൊണ്ട് ബെഡ്റൂമിന്റെ വാതിലും പുറത്തുനിന്ന് പൂട്ടിച്ചു . ഇപ്പോൾ ആശ്വാസമായി.

ഒരു ദീർഘനിശ്വാസത്തോടെ അവൾ സോഫ മേലിരുന്നു.ടീപ്പോയിൽ വച്ചിരുന്ന അയാളുടെ ഫോൺ കയ്യിൽ എടുത്തു. ബഹളങ്ങൾ കേട്ട് മകൾ ഉണരേണ്ട എന്ന് കരുതി അവൾ മൊബൈലിൽ പാട്ട് വെച്ച് അത് സ്പീക്കറുമായി കണക്ട് ചെയ്തു.

"കണ്ണേ  ഉറങ്ങുറങ്ങ്... - എന്ന സിനിമാ ഗാനം. അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്.

     പാട്ട് പാടി തുടങ്ങിയതും മുറിയിൽനിന്ന് ഒരലർച്ച "നായിൻറെ മോളെ നീ.... "

 അവൾ വിചാരിച്ച പോലെ തന്നെ അയാൾ കുളിമുറിയുടെ വാതിൽ തകർത്തു പുറത്തുവന്നു. വായിൽ നിന്ന് ചോര ഒലിപ്പിച്ചുകൊണ്ട് ജനൽ കമ്പി പിടിച്ച് അയാൾ ഞെരങ്ങി.

" വെള്ളം താടി ചെറ്റേ...."

മരണവെപ്രാളത്തിനിടയിലും അയാളുടെ വായിൽ നിന്ന് തെറിച്ചുവീണ തെറിവാക്കുകളോട് അവൾ പ്രതികരിച്ചില്ല. അവൾ സ്പീക്കറിന്റെ വോളിയം ഹൈ ആക്കി വെച്മെല്ലെ മുറ്റത്തേക്ക് ഇറങ്ങി. 

       ഒന്ന് കുളിർക്ക പെയ്യാതെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ചാറിപ്പോയ മഴയെ പുൽകാൻ ഉണർന്ന മണ്ണിൻ്റെ മണം അവളുടെ നാസ്വാരന്ത്രങ്ങളിലേക്ക് പടർന്നു കയറി. അവൾ കണ്ണുകളടച്ച് ആ മണം നീട്ടി വലിച്ചെടുത്തു. മണ്ണിൻ്റെ മണം...

കോളേജ് സമയം കഴിഞ്ഞ് എല്ലാ വൈകുന്നേരങ്ങളിലും ഒരു മണിക്കൂർ ദിയക്ക് വോളിബോൾ പ്രാക്ടീസ് ഉണ്ടാകും .അത് കഴിയുന്നതുവരെ ഗ്യാലറിയുടെ ഒരു കോണിൽ താൻ അവളെയും കാത്തിരിക്കും. അന്ന് വൈകുന്നേരവും ഇതുപോലെയൊരു ചാറ്റൽ മഴ ഉണ്ടായിരുന്നു .ആരോരും അറിയാതെ കണ്ണടച്ചിരുന്ന് സ്വസ്ഥമായി മണ്ണിൻറെ ഗന്ധം മൂക്കിലേക്ക് വലിച്ചു കയറ്റുന്നതിനിടയിലാണ് അടുത്തുനിന്ന് ഒരു ശബ്ദം കേട്ടത്.

"എനിക്ക് നിൻ്റെ മണമാണ് ഇഷ്ടം" - ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി. ആളെ തിരിച്ചറിഞ്ഞതിലും അതിലപ്പുറം,  കള്ളത്തരം പിടിക്കപ്പെട്ടതിൻ്റെ ജാള്യതയിലായിരുന്നു ഞാൻ.

"ഈ മണം എന്റേതു മാത്രമാക്കണമെന്നുണ്ട്. ആലോചിച്ചിട്ട് മറുപടി പറഞ്ഞാൽ മതി." -

 അതും പറഞ്ഞ് അയാൾ  തൻ്റെ അടുത്തേക്ക് നീങ്ങിയിരുന്ന്. ഒരു കുസൃതി എന്നവണ്ണം എൻ്റെ മണം വലിച്ചെടുക്കുന്നതായ്നടിച്ചു. അപ്പോൾ, അതുവരെ ഇല്ലാതിരുന്ന ഒരു വിറയൽ എന്നിലുളവായ്. എന്തിനെന്നറിയാതെ എന്നിലെ വിയർപ്പുഗന്ധികൾ അമിതമായി ഉത്സർജിച്ചു.

കോളേജിലെ ഒട്ടുമിക്ക ബഹളങ്ങളിലും മുൻപന്തിയിൽ ഉണ്ടാവുന്ന നാലഞ്ച് സീനിയേഴ്സിൽ ഒരാളായിരുന്നു അയാൾ. മനസ്സിൽ ഒരു ചെറിയ ഇഷ്ടം ഉണ്ടായിരുന്നു, അയാളുടെ നടത്തത്തോട് . നെററിയിലേക്ക് ഊർന്നു വീഴുന്ന കോലൻമുടികളെ ഇടയ്ക്കിടെ ഇടതു കൈവിരൽ കൊണ്ട്   കോതി മാറ്റി നെഞ്ചു വിരിച്ചുള്ള അയാളുടെ നടത്തം കാണാൻ  നല്ല ചന്തമായിരുന്നു. അത്രയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ..... 

ഈ പ്രണയം  തലയ്ക്കു പിടിക്കുമ്പോഴാണോ കാഴചയുണ്ടായിട്ടും നമ്മൾ അന്ധരാകുന്നത്? അതു കൊണ്ടാണോ ഇഷ്ടപ്പെടുന്ന വ്യക്തികളുടെ സ്വഭാവദൂഷ്യങ്ങൾ മറ്റുള്ളവർ കാണിച്ചു തന്നാലും നമുക്ക് കാണാൻ കഴിയാതെ പോകുന്നത് ?

ധീരോദാത്തൻ അതി പ്രതാപ ഗുണവാൻ..... എന്നിങ്ങനെ കാവ്യത്തിലെ നായക ലക്ഷണങ്ങളെ കുറിച്ച്  മലയാളം ക്ലാസ്സിൽ ടീച്ചർ വർണ്ണിക്കുമ്പോൾ , മനസ്സിൽ മുഴുവനും സൽഗുണ സമ്പന്ന നായകന്റെ സ്ഥാനത്ത്  അയാൾ മാത്രമായിരുന്നു.  അത്രമേൽ ഞാൻ അന്ധയായ് കഴിഞ്ഞിരുന്നു, കലാലയ ജീവിതം കഴിയാറാകുമ്പോഴേക്കും.

നോവ് കിനിയുന്ന കുറ്റബോധത്തോടു കൂടി അവൾ ആകാശത്തേക്ക് നോക്കി.നിലാവെളിച്ചമില്ല .രാത്രി മുഖം കറുപ്പിച്ചതു പോലെയുണ്ട് ആകാശം.

  വിവാഹം കഴിഞ്ഞ് ആദ്യത്തെ രണ്ടുമൂന്നു വർഷം വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല മദ്യപാനത്തെ ചൊല്ലിയുള്ള തർക്കങ്ങളൊഴിച്ചാൽ . എന്നാൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയുമായി തെറ്റിപ്പിരിഞ്ഞ് കേസും കാര്യങ്ങളും വന്ന് അഞ്ചാറു മാസം ഒളിവിൽ പോയി തിരിച്ചുവന്നതിനു ശേഷമാണ് ജീവിതഗതി തന്നെ മാറി മറഞ്ഞത്.  ഇടയ്ക്കിടെയുള്ള മദ്യപാനം സ്ഥിരമായി .. രണ്ടുദിവസം വീട്ടിലുണ്ടെങ്കിൽ പിന്നെ രണ്ടാഴ്ചത്തേക്ക് വീട്ടിൽ കാണില്ല.  ചിലപ്പോൾ അത് രണ്ടുമാസത്തേക്കും ആകാം . പോകുന്നതിനെ പറ്റി ചോദിച്ചാൽ  പിന്നെ വഴക്ക് മർദ്ദനം .

കരഞ്ഞു കണ്ണീർ വറ്റിയ നാളുകൾ... അഞ്ചുവയസ്സുകാരിയെയും ചേർത്ത് പിടിച്ച് സഹായത്തിനായി ആശ്രയത്തിനായി എവിടെയെല്ലാം ഞാൻ കയറിയിറങ്ങി.

"നീ തെരഞ്ഞെടുത്തതല്ലേ , നീ തന്നെ അനുഭവിച്ചോ ബന്ധുക്കൾക്ക് പരിഹാസമാ യിരുന്നു "

- നൊന്തുപെറ്റ കുഞ്ഞിനെ കൊല്ലാനുള്ള ധൈര്യം ഉണ്ടായിരുന്നെങ്കിൽ... ഇങ്ങനെ അവഗണനയുടെ അങ്ങേയറ്റം, അപമാനിതയായി ,ഒരു തെറ്റും ചെയ്യാത്ത നല്ലതുമാത്രം ചെയ്യുന്ന ഈ  മനുഷ്യർക്കു മുന്നിൽ വന്നു നിന്ന് തനിക്കിങ്ങനെ യാചിക്കേണ്ടി വരികയില്ലായിരുന്നു എന്നുമാത്രം ആ നിമിഷം ഓർത്തുപോയി.

അവൾ തല കുടഞ്ഞു .മുഖം പൊത്തി. ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കാൻ വയ്യ...

അവൾ അകത്തേക്ക് ശ്രദ്ധിച്ചു.. ബഹളങ്ങളെല്ലാം നിലച്ചിരിക്കുന്നു. ചോരയിലും ചർദ്ദിയിലും വീണു കുഴഞ്ഞ് അയാൾ ചത്ത് മലർന്ന് കിടക്കുന്നു. അതും ജനിച്ച പടി. നൂൽബന്ധം പോലുമില്ലാതെ. അവൾ അറപ്പോടെ മുഖം തിരിച്ചു .അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന മകളുടെ അടുത്തേക്ക് പോയി.

അവൾ നല്ല ഉറക്കമാണ്. ഒന്നും അറിഞ്ഞിട്ടില്ല. നാളെ എല്ലാവരും എല്ലാം അറിയും. ഹൊ തൻ്റെ നേരെ സഹതാപത്തിൻ്റെ എത്ര എത്ര പൂച്ചെണ്ടുകൾ വന്നു പതിക്കും?  അവൾക്ക് ചിരി വന്നു.

. സഹായം ചോദിച്ചു ചെന്നപ്പോൾ ആട്ടിപ്പായിച്ചവർ.ഗതികെട്ടു ചെയ്തപ്പോൾ പിന്നിൽ നിന്ന് കുത്തുന്നവർ. വിചിത്ര ജീവികൾ !!!

ഒരു നിമിഷം, ഒരു മിന്നായം പോലെ അച്ഛനമ്മമാരുടെ ഓർമ്മകൾ അവളിൽ മിന്നി മറഞ്ഞു. കണ്ണുകളിൽ നനവ് പടർന്നു. അവരിപ്പോൾ എവിടെയായിരിക്കും? കാലചക്രം പിന്നോട്ട് കറക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യാമായിരുന്നു. ഒരിക്കൽ കൂടി നിങ്ങളുടെ കൈയിലെ കൈക്കുഞ്ഞായിത്തീരാൻ. നിങ്ങളെ വേദനിപ്പിക്കാത്ത മകളായി നിങ്ങളുടെ കൂടെ തന്നെ ജീവിക്കാൻ..... എനിക്കുറപ്പുണ്ട്. ഇത് നിങ്ങൾ അറിയുന്ന നിമിഷം എവിടെയുണ്ടെങ്കിലും നിങ്ങൾ എന്റെ അടുത്തേക്ക് ഓടി വരും എന്ന്.അവൾ വിതുമ്പി പോയി. മകൾ ഉണരേണ്ട എന്ന് കരുതി അവൾ പതിയെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് താഴെ നിലത്ത് കിടന്നു. 

കരയണം എല്ലാ സങ്കടങ്ങളും കരഞ്ഞു തീർക്കണം എനിക്ക് .ഇന്നു തന്നെ. നാളത്തെ എൻ്റെ പുലരിക്ക് മങ്ങലേൽപ്പിക്കാൻ ഇരുട്ടിൻറെ ഒരു ചെറിയ കണിക പോലും ബാക്കിയുണ്ടാകരുത്. അവൾ കാൽമുട്ടുകൾ മടക്കി നെഞ്ചോട് ചേർത്ത് കൈ ചുരുട്ടി തലകുനിച്ച് ഒരട്ടയെപ്പോലെ  ചുരുണ്ടു കിടന്നു.ദുരിതക്കയത്തിൽ നിന്നും  അതിജീവിച്ചുയർന്നവളെങ്കിലും നഷ്ടസ്വപ്നങ്ങളുടെ വിങ്ങൽ.. അത് കരഞ്ഞുതന്നെ തീർക്കണം. , അവൾ മനസ്സുകൊണ്ട് കരഞ്ഞു .തിരയോളം ഉച്ചത്തിൽ ......തിര പോലെ തലതല്ലി ....... ആർത്തലച്ച് ......

 അങ്ങനെ , രാത്രി നീങ്ങിക്കൊണ്ടിരിക്കെ നേരത്തെ ചാറിപ്പോയ ചാറ്റൽ മഴ തിരിച്ചു വന്നു.പതിയെ അല്ല. നല്ല കനത്തിൽ കുളിർക്കെ പെയ്യാൻ. എല്ലാം ഒന്ന് തണുക്കട്ടെ ...

മഴഭേദങ്ങൾ

         ഇങ്ങനെ കനത്തു പെയ്യുന്ന മഴയുടെ നനവിൽ കുതിർന്നും അരിച്ചു കയറുന്ന സൂചിത്തണുപ്പിനാല്‍ വിറച്ചും ഉഷ്ണം പൊട്ടുന്ന വെയിലിൽ പൊള്ളിയടർന്നും ...