ഒന്നു തിരിഞ്ഞു നോക്കുമ്പോൾ,
ചിലപ്പോൾ തോന്നും
ജീവിതം ഒരു കട്ടൻ കാപ്പി പോലാണെന്ന്;
ചറപറ പെയ്യുന്ന മഴയിൽ
നനുത്ത് വിറച്ചിരിക്കുമ്പോൾ
ഊതിയൂതിക്കുടിക്കുവാനാഗ്രഹിച്ചു കിട്ടിയ
ഒരു കട്ടൻ കാപ്പി;
വെല്ലത്തിൻ്റെ മധുരം
രസമുകുളങ്ങളെ തഴുകി താഴോട്ടിറങ്ങുമ്പോൾ
ചെറു ലഹരി സിരകളെ ഉണർത്തും
മനസ്സിലൊരുൻമേഷം
എന്നാൽ ചിലപ്പോൾ ,
നാവിൽ കൊതിയൂറി,
മുത്തിക്കുടിക്കുവാൻ ചുണ്ടോടു ചേർത്തിട്ടും
കഴിയാതെ
മഴയുടെ കലക്കൻ വെള്ളത്തിലേക്ക്
നിർദ്ദയം മറിച്ചു കളയേണ്ടി വരാം;
മറിച്ചു കളഞ്ഞ മധുരം
നനഞ്ഞും ഉണങ്ങിയും
പൂത്തും തണുത്തും
രൂപാന്തരപ്പെടവേ
എത്ര നന്നായെന്ന് ചിലപ്പോൾ തോന്നാം.
എന്നാൽ ചില നേരങ്ങളിൽ
മധുരത്തിനു മേൽ ഒരായിരംഎറുമ്പുപല്ലുകൾ
ആഴ്ന്നിറങ്ങുന്ന വേദന അനുഭവപ്പെടാം.
അപ്പോൾ ,ആവി പറക്കുന്ന
ഒരു കട്ടൻ കാപ്പിക്കായ്
മനസ്സ് വെറുതേ കൊതിച്ചു കൊണ്ടിരിക്കും.
അതുമല്ലെങ്കിൽ,
കട്ടൻ കാപ്പിക്കുമേൽ
നിസ്സഹായമായ, പക്വമായ
ഒരു പുഞ്ചിരി സമ്മാനിച്ചിട്ട്
നമ്മൾ യാത്ര തുടരും ...