കഥനങ്ങൾ
നീ അകന്നു
പോയപ്പോഴാണ്
നിശബ്ദതയ്ക്ക് കടലോളം ആഴമുണ്ടെന്ന് ഞാൻ അറിഞ്ഞത്.
മറുവാക്കു ചൊല്ലുവാൻ ആളില്ലാതായപ്പോഴാണ്
ഏകാന്തതയ്ക്ക് വാൾത്തലപ്പോളം മൂർച്ചയുണ്ടെന്നതും ഞാനറിഞ്ഞത്.
ഓർമ്മകൾക്ക് എന്നും കുളിരായിരുന്നല്ലോ എന്നാൽ അതും രൂപാന്തരപ്പെട്ടു .
ഇരവിന്റെ മറവിൽ
ഓർമ്മകളുടെ ദംഷ്ട്രകളേറ്റ്
ഞാനെത്ര അലറി വിളിച്ചെന്നോ?
മദപ്പാടു വന്ന ആനയോട് ഉപമിച്ചു പലരും എത്രയെത്ര പാപ്പാന്മാർ ...!
എന്തു വലിയ ചങ്ങലകൾ...
തോട്ടിമുനകൾ പച്ചമാംസം കുത്തിവലിച്ചപ്പോൾ,
നീ എവിടെയായിരുന്നു?
അറിഞ്ഞിരുന്നോ എന്തെങ്കിലും?
ആയുസ്സിന്റെ പകുതിയും
ദുർഗന്ധം വമിച്ച് കടന്നുപോയി .
മജ്ജയും മാംസവും ശോഷിച്ചു
പക്ഷേ മനസ്സു മാത്രം ഉണങ്ങിയില്ല. നിനക്കായി എരിയുന്ന ചിരാതിൽ
നിറയെ എണ്ണയുണ്ടായിരുന്നു.
ചുടലത്തീനാളങ്ങൾ
എൻ്റെ മൺചിരാതിനെ എരിച്ചുകളയുമോ എന്ന
ഭയം എന്നെ ശ്വാസം മുട്ടിക്കുന്നു.
അതിനിടയിൽ നീ വന്നാൽ
പറയാനുണ്ടെത്രയെത്ര കഥകൾ ......
ചങ്ങല വ്രണങ്ങൾ തീർത്ത വടുക്കൾക്കും , കണ്ണീർ വറ്റിയ മിഴികൾക്കും ,
വേഴാമ്പലായ് കേണ സ്വപ്നങ്ങൾക്കും.
അതു കേൾക്കുവാൻ എന്നെങ്കിലും
നീ കാത് കൊടുക്കുമോ...?
ഷീബ.പി.പി