മഴ, ഒരു പകുതിയിലും
മറുപകുതിയിലും
ആത്മാനുഭൂതിയായ് ആത്മഹർഷമായ്
ആത്മാവിലേക്കൊഴുകി വരും മഴ,
ആനന്ദമായ് ലാസ്യനടനമായ്
കവിതയായൊഴുകും മഴ,
ഒരു പകുതിയിൽ -
ആഹ്ലാദവും ആശ്ചര്യവും
കടലാസുതോണിയായ്
കുഞ്ഞോളങ്ങൾ തട്ടി നീങ്ങവേ ...
മറുപകുതിയിൽ -
നനഞ്ഞു കുതിർന്ന ഭയത്തിനപ്പുറം
തിരമാല പോലുള്ളൊരു
നെഞ്ചിടിപ്പായ് മാറുന്നു.
ഒരു പകുതിയിൽ -
പ്രണയത്തിൻ ചൂടു -
ചേർക്കാൻ വെമ്പുന്ന കടലായും
വിരഹത്തിൻ ചുഴിയായും മാറവേ...
മറുപകുതിയിൽ -
പശിയുടെ കടലോളമെത്തുന്ന
നിലവിളിയായൊഴുകുന്നു.
ഉച്ചിയിൽ നിന്നു
താഴോട്ടുചാടുന്ന അവളെ
പിടിച്ചുകെട്ടാൻ ചിലർ;
ഉച്ചിയിൽ നിന്നു
താഴോട്ടുചാടുന്ന അവളിൽ
പിടഞ്ഞു തീരാൻ ചിലർ;
അങ്ങനെ, പല മുഖങ്ങളിൽ
പല ഭാവങ്ങളിൽ
പലർക്കും പലതായ്
മഴ പെയ്തു കൊണ്ടേയിരിക്കുന്നു.
No comments:
Post a Comment